Add caption |
കലോത്സവ നഗരിയെ കണ്ണീരയിച്ച് അകാലത്തില്‍ വേര്‍പിരിഞ്ഞ സുമനേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശനിയാഴ്ച രാവിലെ കലോത്സവ നഗരിയില്‍ അനുശോചന യോഗം ചേരും. ഇന്ന് വൈകുന്നേരത്തോടെയാണ് വീടിന് സമീപത്തെ കുളത്തില്‍ സുമനേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലോത്സവം നടന്നുവരുന്ന കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം വര്‍ഷ വി എച്ച് എസ് സി വിദ്യാര്‍ത്ഥിയാണ് സുമനേഷ്. അനുശോചന യോഗം രാവിലെ പത്തുമണിക്ക് ആരംഭിക്കും.അതിന് ശേഷം മാത്രമേ മത്സരങ്ങള്‍ ആരംഭിക്കുകയുള്ളൂ എന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, എം .ബാലകൃഷ്ണന്‍, ഡി ഡി ഇ ശ്രീകൃഷണ അഗ്ഗിത്തായ, ഡി ഇഒ കെ വേലായുധന്‍ തുടങ്ങിയവര്‍ അറിയിച്ചു. മരണ വാര്‍ത്ത അറിഞ്ഞയുടനെ കലോത്സവ വേദികളില്‍ ഒരു മിനുട്ട് മൌനം ആചരിച്ചു.
Add caption |
ഉച്ചവരെ അവന്‍റെ വിളിയും, നോട്ടവും ഉണ്ടായിരുന്നു ഭക്ഷണശാലയില്‍ എല്ലായിടത്തും. സ്വന്തം വിദ്യാലയം കലോത്സവത്തിന് ആതിഥ്യമരുളുമ്പോള്‍ വിരുന്നെത്തുന്നവര്‍ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് അവന് നിര്‍ബന്ധമുണ്ടായിരുന്നു ... അത് കൊണ്ട് തന്നെയാണ് ശനിയാഴ്ച ശബരിമലയിലേക്ക് പോകാനിരിക്കുമ്പോഴും വെള്ളിയാഴ്ച ഉച്ചവരെ കലോത്സവ ഭക്ഷണശാലയിലേക്ക് സേവനത്തിനായി സുമനേഷ് എത്തിയത്. ഉച്ചവരെയുള്ള ഭക്ഷണശാലയിലെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന സ്വാഗതഗാനത്തിനായി കൊണ്ട് വന്ന വേഷവിധാനങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം നീലേശ്വരത്തു എത്തിച്ച വീട്ടിലേക്ക് മടങ്ങിയതായിരുന്നു സുമനേഷ്. അയ്യപ്പന്മാര്‍ക്ക് വീട്ടിലൊരുക്കിയ ഭിക്ഷയ്ക്ക് മുന്‍പ് കുളിക്കുന്നതിനായാണ് സുമനേഷ് വീടിന് സമീപത്തെ കാവിലെ കുളത്തിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിദ്യാര്‍ത്ഥിയുടെ ചേതനയറ്റ ശരീരം കുളത്തില്‍ കണ്ടെത്തിയത്. ഈ വാര്‍ത്തയറിഞ്ഞതോടെ കലാവര്‍ണ്ണങ്ങള്‍ പെയ്തിറങ്ങിയിരുന്ന കലോത്സവ നഗരി നിശബ്ദമായി. ശബരിമല യാത്രയ്ക്കായി യാത്ര പറഞ്ഞ കൂട്ടുകാര്‍ പ്രിയ സ്നേഹിതന്‍റെ വേര്‍പാടറിഞ്ഞ് തേങ്ങി. സ്കൂളിലെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സുമനേഷ് ഇവിടുത്തെ എന്‍ എസ് എസ് വളണ്ടിയര്‍ കൂടിയായിരുന്നു. ഇത്രയേറെ ഒരുക്കുകൂട്ടലുകള്‍ നടത്തിയതിനാല്‍ കലോത്സവം മാറ്റിവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ അനുശോചന യോഗത്തിന് ശേഷം മാത്രമേ ശനിയാഴ്ച മത്സരങ്ങള്‍ ആരംഭിക്കുകയുള്ളൂ ..
No comments:
Post a Comment